Powered By Blogger

ബെയ്ലക്സ് അറിയാത്തവര്‍ക്ക് വേണ്ടി

സാമൂഹികവും കാലിക പ്രസക്തവുമായ വിഷയങ്ങള്‍ സെലക്റ്റ് ചെയ്യുകയും അതിനെകുറിച്ച് സംവദിക്കുകയും ചെയ്യുന്ന ഒരുകൂട്ടം സുഹൃത്തുക്കള്‍ ബെയ്ലക്സ് എന്ന വോയ്സ് മെസ്സഞ്ചറില്‍ ഒരുമിച്ച്കൂടുകയും ദിവസം ചര്‍ച്ച ചെയ്യുന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചെറിയ വിശദീകരണം ഇടുകയും ചെയ്യുന്നു. എല്ലാവര്‍ക്കും സ്വാഗതം ..... മണിയമ്പാറ റൂമിലേക്ക്.

Tuesday, June 2, 2009

പ്രകൃതിയുടെ നിലവിളികള്‍

ഉപഭോഗാസക്തിയുടെ ക്രൂരമായ കയ്യേറ്റത്തിനു വിധേയമായി പിടയുന്ന പ്രകൃതിക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന കയ്യേറ്റങ്ങളേപറ്റി ബോധവാന്മാരാകുകയും അതോടൊപ്പം പ്രകൃതിയുടെ നിലക്കാത്ത നിലവിളികള്‍ക്ക് നിവൃത്തിവരുത്താനും നമ്മള്‍ ശ്രമിക്കണം.അശാസ്ത്രീയമായ നമ്മുടെ ഭൂവിനിയോഗം പല ദോഷങ്ങളും ഭൂമിക്ക് വരുത്തുന്നു.നമ്മുടെ കൊച്ചുകേരളത്തിന്റെ കഥ തന്നെയെടുക്കു. അനിയന്ത്രിതവും അശാസ്ത്രീയവുമായ മണലെടുപ്പ് നമ്മുടെ പുഴകളെ നശിപ്പിക്കുന്നു. അതിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് ശുദ്ധജലവും ജീവിക്കാനുള്ള അവസ്ഥയുമാണ്. 1967 ലെ നെല്പാടങ്ങളും മറ്റും സംരക്ഷിക്കാനുള്ള സര്‍കാര്‍ വിജ്ഞാപനം മറ്റു കാര്യങ്ങള്‍ക്ക് കൃഷി സ്തലങ്ങള്‍ ഉപയോഗിച്ചാല്‍ അല്ലെങ്കില്‍ കൃഷി സ്തലങ്ങള്‍ തരിശിട്ടാല്‍ അത് ഏറ്റെടുക്കാന്‍ പോലും നിയമം അനുശാസിക്കുന്നു. പക്ഷെ നിയമം ശക്തമായി നടപ്പിലാക്കാന്‍ കഴിഞില്ലെന്നത് നമ്മുടെ കഴിവുകേട്. നിയന്ത്രണമില്ലാതെയും നിയമവിരുദ്ധവുമായ ഭൂവിനിയോഗം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് നാം അനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍.
പ്രകൃതിക്ക് വേണ്ടി ഒരു സര്‍വസമരത്റ്റിനു നമ്മള്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഗാതങ്ങള്‍ക്ക് കാരണമാവും. വികസനത്തിന്റെ പേരില്‍ പ്രകൃതിയെ കൊലക്ക്കൊടുക്കുമ്പോള്‍ പ്രകൃതിയുടെ ഭാഗമായ മനുഷ്യന്‍ തന്നെയാണ് വില നല്‍കേണ്ടിവരുന്നത്. പ്ലാച്ചിമടയും വന നശീകരണവും നമ്മുടെ പുഴകളുടേയും കായലുകളുടേയും ശോഷണവും ഭൂമിയെ കടല്‍ വിഴുങ്ങുന്നതും എല്ലാം നമ്മള്‍തന്നെ വരുത്തിവെച്ചതാണ്.

Sunday, May 24, 2009

ലഹരിയില്‍ മുങ്ങുന്ന കേരളം

ക്കേരളത്തിന്റെ മദ്യോപഭോഗ സംസ്കാരം സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ല് എന്നതിലേക്ക് വളര്‍ന്നതിന്റെ കണക്കുകള്‍ നമ്മെ ഞെട്ടിക്കുന്നതാണ്.1984ല്‍ വാര്‍ഷിക വരുമാനം 85 കോടി ആയിരുന്നെങ്കില്‍ 25 വര്‍ഷം കൊണ്ട് നമ്മുടെ മദ്യ വില്പനയിലെ വളര്‍ച്ച നോക്കു,2009ഓടെ വാര്‍ഷിക വരുമാനം 4617 കോടിയായി. ചാരായ നിരോധനത്തോടെയാണ് വിദേശമദ്യത്തിന്റെ വില്പനയില്‍ കുത്തനെയുള്ള വര്‍ധനവ് രേഖപ്പെടുത്തിയതെങ്കിലും ശരാശരി കണക്കെടുപ്പ് നടത്തിയാലും ‘മദ്യകേരള’ത്തിന്റെ വളര്‍ച്ച വ്യക്തമാവും. ബീവറേജസിന്റെ 330 ചില്ലറവില്പന കേന്ദ്രങ്ങളുടേയും 16 മൊത്ത വിതരണ കേന്ദ്രങ്ങളുടെയും ക്കാണ്‍സ്യൂമര്‍ ഫെഡിന്റെ 46 വില്പന കേന്ദ്രങ്ങളുടേയും കണക്കുകള്‍ മാത്രമാണിത്. ഇതിനേക്കാള്‍ എത്രയൊ കൂടുതലാണ് വ്യാജവില്പന കേന്ദ്രങ്ങള്‍
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 300ല്‍ ഒരാളാണ് മദ്യപിച്ചിരുന്നതെങ്കില്‍ ഇന്നത് ഇരുപതില്‍ ഒരാളായി, 1986 കാലഘട്ടത്തില്‍ മദ്യപാനം തുടങ്ങിയിരുന്നത് 19 വയസിലായിരുന്നു എങ്കില്‍ 90ല്‍ 17ഉം 94ല്‍ 14ഉം ഇപ്പോള്‍ 13 വയസ്സിലും ആയി മദ്യപാനശീലം തുടങ്ങുന്നത്. കോളേജ് കാമ്പസുകളിലാണ് മദ്യപാനശീലം തുടങ്ങുന്നത്, നമ്മുടെ വിദ്യാലയങ്ങാള്‍ക്ക് ചുറ്റിലുമുള്ള ചെറിയ പെട്ടിക്കടകളില്‍ നിന്ന് പാന്‍പരാഗിലും ഹാന്‍സിലുമൊക്കെ തുടങ്ങുന്ന ലഹരിയുപയോഗം പിന്നീട് വലിയ വലിയ ലഹരികള്‍ തേടി പോകുന്നതിലും മദ്യപാനത്തിലും മയക്കുമരുന്നു ഉപയോഗത്തിലും ഒക്കെ എത്തിപ്പെടുന്നു.
നമ്മുടെ നാട്ടില്‍ മറ്റു ലഹരികല്‍ക്കും ഒരു പഞ്ചവുമില്ല.കേരളത്തില്‍ മയക്കുമരുന്ന് ലോബിയുടെ ഹെഡ് ആയി വര്‍ത്തിക്കുന്നത് കൊച്ചിയാണ്. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ നടക്കുന്ന വില്പന ഫലപ്രധമായി തടയാനും പോലീസിനാകുന്നില്ല. ആലുവ,മട്ടാഞ്ചേരി, പെരുമ്പാവൂര്‍, പ്രദേശങ്ങള്‍ മയക്കുമരുന്ന് കേന്ദ്രങ്ങളാണ്.ഇവിടേക്ക് എത്തുന്നത് അന്യ സംസ്ഥാനങ്ങളായ ആന്ദ്ര, ഒറീസ, അസം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും.

Tuesday, May 19, 2009

തീവ്രവാദ പ്രസ്ഥാനങ്ങള്‍ പിടിമ്മൂറുക്കുന്നുവോ...?

തീവ്രവാദം ചര്‍ച്ചചെയ്യപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ വിഷയം തന്നെയാണ്.മുന്‍പും ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ കടന്നുവന്നിട്ടുണ്ട്. പലപോഴും തങ്ങളുടെ മത വിശ്വാസങ്ങള്‍ ശരിയായ രീതിയില്‍ പുലര്‍ത്താന്‍ അനുവാദമില്ലാതെ വരുമ്പോള്‍ ആണ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു തന്നെ പറയാം തീവ്രവാദം നിലനില്‍ക്കുന്ന പല രാജ്യങ്ങളിലും അത്തരം സാഹജര്യം നിലനില്‍ക്കുന്നില്ല എന്നതാണ് യാഥാര്‍ത്യം. പഞ്ചാബിലെ തീവ്രവാദ പ്രസ്താനങ്ങളും മാവോയിസ്റ്റുകളും ഇടക്കാലത്ത് കേരളത്തില്‍പോലും ശക്തിപ്പെട്ട നെക്സലൈറ്റ്, അയ്യങ്കാളി പടകളുമെല്ലാം തീവ്രവാദത്തിന്റെ ഓരോ മുഖങ്ങളാണ്.
ശ്രീലങ്കയിലെ LTTE തീവ്രവാദം പക്ഷെ നമ്മള്‍ മനസിലാക്കേണ്ടത് ജീവിക്കാനുള്ള തമിഴരുടെ അവകാശത്തിനുള്ള പോരാട്ടമായിരുന്നു. തുടക്കത്തിലുണ്ടായിരുന്ന സൌമ്യഭാവം നിലനിര്‍ത്താന്‍ കഴിയാ‍ത്തതും അവകാശങ്ങള്‍ നേടിയെടുക്കാന്‍ അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും വഴി തിരഞ്ഞെടുത്തതുമാണ് പുലി പ്രഭാകരനു വിനയായത്. ഇത്തരം തീവ്രവാദ നിലപാടുകള്‍ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്നു തെറ്റിദ്ദരിക്കപ്പെടാന്‍ കാരണാമായി. അതുകൊണ്ട് തന്നെയാണ് മിക്ക രാജ്യങ്ങളും LTTE യെ ഭീകര ലിസ്റ്റില്‍ പെടുത്തിയതും.
എന്നാല്‍ കേരളാത്തിന്റെ മണ്ണില്‍ മുളച്ചുപൊന്തുന്ന തീവ്രവാദ കാഴ്ചപ്പാടുള്ള പ്രസ്ഥാനങ്ങള്‍ നമ്മുടെ യുവതയെ തെറ്റിന്റെ പാതയിലേക്ക് നയിക്കുകയാണ്. ചെറിയ വിഷയങ്ങള്‍ പോലും പര്‍വതീകരിച്ചും മസ്തിഷ്കപ്രക്ഷോളനം വഴിയും അനാവശ്യ ചിന്തകള്‍ ഹൃതയത്തില്‍ കുത്തിവെച്ച് ആത്മഹത്യാപരമായ ഒരു തീരുമാനത്തിലേക്ക് അവരെ കൊണ്ടെത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇടക്കാലത്ത് മലയാളികളുടെ പേരുകള്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കുക. 2007 സെപ്റ്റംബറില്‍ ഹൈറേഞ്ചിലെ മാവോയിസ്റ്റ് ശ്രീലങ്കന്‍ തീവ്രവാദി സാന്നിദ്ധ്യത്തെ കുറിച്ച് അഭ്യന്തരമന്ത്രി കോടിയേരി പരാമര്‍ശിക്കുകയുണ്ടായി. അതുപോലെ കേരളാ തീരങ്ങളില്‍ LTTE സാന്നിധ്യവും RDX ഇറക്കുമതിയും നടാന്നതായി 2007 ല്‍ ദക്ഷിണമേഖല നാവിക സേനാ മേധാവിയുടെ പ്രസ്ഥാവനയും നാം ഗൌരവത്തോടെ കണ്ടില്ല. പലപ്പോഴും താല്‍ക്കാലിക ലാഭത്തിനുവേണ്ടി നമ്മുടെ രാഷ്ട്രീയനേതാക്കള്‍ തന്നെ തീവ്രവാദികളെ സഹായിക്കുന്നുണ്ടെന്നുള്ളത് ഒരു പരമാര്‍ത്ഥം മാത്രമാണ്.
പലപ്പോഴും തീവ്രവാദത്തിന്റെ പേരും പറഞ്ഞു നടക്കുന്ന ഭരണകൂട ഭീകരതയും നാം കണ്ടില്ലെന്നു നടിച്ചുകൂട. അനാവശ്യമായ ഏറ്റുമുട്ടല്‍ നാടകങ്ങളും പ്രതികാരമുള്ളവനെ കൊന്ന് തീവ്രവാദി ലിസ്റ്റില്‍ പെടുത്തുന്നതും നമ്മുടെ നാട്ടില്‍ സര്‍വസാധാരണാമായിരിക്കുന്നു. പലപ്പോഴും മാധ്യമങ്ങളുടെ അനാവശ്യമായ കവറേജ് ചോദ്യം ചെയ്യാന്‍ കൊണ്ട്പോയവനെപ്പോലും ഉസാമാബിന്‍ ലദിന്‍ ആക്കുന്ന തരത്തിലുള്ളതാണ്.എവിടെ ആക്രമണാമുണ്ടായാലും ഒരു മത വിഭാഗത്തിന്റെ പേരില്‍ മാത്രം വെച്ചുകെട്ടാനുള്ള വെമ്പല്‍ ഒരു മതേതര രാഷ്ട്രത്തിനു ഒരിക്കലും ഭൂഷണമല്ല.

Sunday, May 17, 2009

ജനവിധിക്ക് ഒരു അവലോകനം

കോണ്‍ഗ്രസ്സ് പോലും പ്രതീക്ഷിക്കാത്തത്ര വലിയ വിജയവുമായി ജനങ്ങള്‍ പാര്‍ട്ടിയെ അമ്പരപ്പിച്ചപ്പോള്‍ കേരളത്തിലും ബംഗാളിലും ഇടതു പക്ഷത്തിന്റെ പരാജയവും നാം കണ്ടു. എന്‍.ഡി.എ ക്കുള്ള വിജയവും പ്രധാനമന്ത്രിയാവാനുള്ള അധ്വാനിയുടെ സ്വപ്നവും സ്വപ്നമായിത്തന്നെ അവശേഷിച്ചപ്പോള്‍ നിരാശകൊണ്ടായിരിക്കണം അധ്വാനി പ്രതിപക്ഷനേതാവാവാന്‍ പോലും ഇല്ലെന്നു പറഞ്ഞത്.
മന്മോഹന്‍സിംഗും സോണീയാഗാന്ധിയും ചരിത്രം തിരുത്തിക്കൊണ്ട് പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കി, അങ്ങനെ 15മത് ലോക്സഭാ തിരഞ്ഞെടുപ്പ് അത്ഭുതങ്ങളുടേതായി. 2004 ല്‍ നല്ല പ്രകടനം കാഴ്ചവെക്കാനായ സംസ്ഥാനങ്ങള്‍ നിലനിര്‍ത്താനായതോടൊപ്പം ഉത്തര്‍ പ്രദേശില്‍ ശ്ക്തമായി തിരിച്ചുവരാനായതും കോണ്‍ഗ്രസ്സിനു നേട്ടമായി. കേരളം,ബംഗാള്‍,രാജസ്ഥാന്‍,പഞ്ചാബ്,മധ്യപ്രദേശ് എന്നിവിടങ്ങ്നളിലെ നേട്ടവും കൂടെ സഖ്യ കക്ഷികള്‍ തൃണമൂല്‍ ബംഗാളിലും ഡി.എം.കെ തമിഴ്നാട്ടിലും എന്‍.സി.പി മഹാരാഷ്ട്രയിലും മിന്നുന്ന പ്രകടനം നടത്തിയതോടെ യു.പി.എ കേവല ഭൂരിപക്ഷത്തിലേക്ക് അടുത്തു.
ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍,ഗുജറാത്ത്,കര്‍നാടക,ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും രാജസ്ഥാന്‍ നശ്ടപ്പെട്ടതും മധ്യപ്രദേശ് മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മോശപ്പെട്ട പ്രകടനവും ബി.ജെ.പി യെ തളര്‍ത്തി. ജാര്‍ഖണ്ഡില്‍ അല്പം മെച്ചമുണ്ടായപ്പോള്‍ പക്ഷെ ഒറ്റക്കു പൊരുതിയ ഒറീസ നഷ്ട കച്ചവടമായി.യു.പി യിലും കാര്യമായ നേട്ടമൊന്നും കൊയ്യാനായില്ല. ബിജെപിയുടെ സഖ്യകക്ഷികളില്‍ ജനതാതള്‍ യു വിനുമാത്രമാണ് അല്പം നേട്ടമുണ്ടാക്കാനായത്. അകാലിദളിനു പഞ്ചാബിലും ശിവസേനക്ക് മഹാരാഷ്ട്രയിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല.ഹരിയാനയില്‍ സഖ്യമുണ്ടയിട്ട് കൂടി കഴിഞ്ഞ തവണ നേടിയ ഒരു സീറ്റ് പോലും നില നിര്‍ത്താനായില്ല, എന്നാല്‍ ബംഗാളില്‍ ബിജെപിക്ക് ഒരു അക്കൌണ്ട് തുറക്കാനായത് ഇടതുപക്ഷത്തിനു തിരിച്ചടിയായി.
കോണ്‍ക്രസ്സിനെ നാമമാത്രസീറ്റിലൊതുക്കാന്‍ സ്രമിച്ച ലാലു മുലായം പാസ്വാന്‍ എന്നിവര്‍ക്കും വന്മുന്നേറ്റം പ്രവചിച്ച സമാജ്വാദി കക്ഷികളും മൂന്നാം മുന്നണി കൊണ്ട് അധികാരത്തില്‍ വരാന്‍ ശ്രമിച്ച ഇടതുപക്ഷവും ബി.എസ്.പിയും എല്ലാം ഫലം വന്നപ്പോള്‍ തകര്‍ന്ന് തരിപ്പണമാ‍യി. മായാവതിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടം നിലനിര്‍ത്താനായില്ല. പശ്ചിമ ബംഗാളില്‍ മമത ഇടതുമുന്നണിയുടെ അടിത്തറാ ഇളക്കി19 സീറ്റ് നേടിയപ്പോള്‍ ഡല്‍ഹിയില്‍ എല്ലാസീറ്റും കോണ്‍ഗ്രസ്സ് തൂത്ത്‌വാരി.

തിരഞ്ഞെടുപ്പ് വിശകലന മാമാങ്കം

മണിയമ്പാറയിലേക്ക് 3 ദിവസമായി നടക്കുന്ന തിരഞ്ഞെടുപ്പ് മാമാങ്കത്തിലേക്ക് സ്വാഗതം,
ടെലിവിഷം ചാനലുകളും മാധ്യമങ്ങളും എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ പുറത്ത്‌വിട്ടുകൊണ്ടിരിക്കുമ്പോള്‍ അതിലൊന്നും കഴമ്പില്ലെന്നാണ്പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്.പ്രവചിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നു യു.പി എ വാക്താവ് അഭിഷേക് മനുസിങ്ങും യു.പി.എ ക്ക് മുന്തൂക്കമുണ്ടെന്ന തരത്തിലുള്ള എക്സിറ്റ്പോള്‍ ശരിയല്ലെന്നും കണക്കിലെടുക്കെണ്ടെന്നും എന്‍.ഡി.എ കണ്‍‌വീനര്‍ ശരത് യാദവും പറയുന്നു. എന്‍.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷവും അധ്വാനിയുടെ പ്രധാനമന്ത്രി സ്താനവുമാണ് അദ്ദേഹത്തിന്റെ വാദം.സുസ്തിരമായ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സീറ്റ് കോണ്‍ഗ്രസ്സിനുണ്ടാവുമെന്നു കോണ്‍ഗ്രസ്സും 166 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നു ബിജെപിയും,സി പി എമ്മും പറയുന്നത് തങ്ങളുടെ സീറ്റ് കുറയില്ലെന്നാണ്. വാദഗതികളും എക്സിറ്റ്പ്പോള്‍ ഫലങ്ങളും കൊഴുക്കട്ടെ, ഈ ഒരു ദിവസം കൂടി കാത്തിരിക്കാം നമുക്ക്, അടുത്ത ജനങ്ങളെ വിഡ്ഢിവേഷം കെട്ടിക്കാനുള്ള ചാന്‍സ് ആര്‍ക്കാണെന്നു അറിയാന്‍ വേണ്ടി. ഒപ്പം നമുക്ക് പ്രാര്‍ത്ഥിക്കാം...... നല്ലൊരു നാളേക്ക് വേണ്ടി.

Thursday, May 14, 2009

പരസ്യങ്ങളുടെ സ്വാധീനവും പിന്നെ നമ്മളും


‘നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം തീര്‍ത്ത് കൊള്ളും’
ഇന്നിന്റെ ഈ ജീവിതത്തില്‍ ഒഴിച്ചുകൂടാത്ത ഒന്നായിരിക്കുന്നു പരസ്യങ്ങള്‍, അല്ലെങ്കില്‍ നമ്മളെ അങ്ങനെയാക്കി മാറ്റിയിരിക്കുന്നു ഇവിടത്തെ ഉല്പന്ന നിര്‍മാതാക്കളും മാധ്യമങ്ങളും കൂടി. പില്പനചരക്കാക്കപ്പെടുന്ന സ്ത്രീയും അശ്ലീലതയും കുറേ മധുരമുള്ള വാക്കുകളും ഒക്കെ കൂടി നമ്മെ മായാ വലയത്തിലാക്കിയിരിക്കുകയാണ്. അടുത്തകാലത്തായി റ്റി.വി യില്‍ നിരന്തരമായി കാണുന്ന ഒരു പരസ്യമാണ് i-phill. ഇതു 72 മണിക്കൂറിനുള്ളില്‍ ഗര്‍ഭദാരണം തടയുന്നു. അതിലെ പരസ്യ വാചകങ്ങളും രംഗങ്ങളും ശ്രദ്ധിക്കു, ഒരമ്മ മകളുമായി സംസാരിക്കുന്നത്, ഒരു പ്രൊട്ടക്ഷനുമില്ലാതെയോ എന്ന ഒരമ്മയുടെ ഉത്കണ്ഠ. എന്നിട്ട് അമ്മയുടെ ഉപദേശം ഇങ്ങനെ പോകുന്നു...ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ i-phill കഴിക്കണമെന്ന്, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ലൈംഗീകത ജീവിത പങ്കാളിയോട് മാത്രം എന്ന് പറയുന്നതിനു പകരം പുറത്ത്പോവുമ്പോള്‍ നിരോധ് കൊണ്ട് പോണം എന്നു പറയുന്ന നമ്മുടെ ഭരണകൂടവും എല്ലാംകൂടെ എവിടെക്കാണ് നമ്മെകൊണ്ട്പോകുന്നത്. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകള്‍ പോലും പരസ്യത്തിന്റെ പിന്നണിയോടെ വിപണിയില്‍ ചിലവാക്കുന്നത് എത്രത്തോളം ആശാവഹമല്ല.
മറ്റൊരു പരസ്യമേഖലയാണ് ജുവല്‍‌സ്, ഒരു കൂട്ടര്‍ കൂടുതല്‍ കാശ് വാങ്ങാന്‍ അതിന്റെ ക്വാളിറ്റിയെ കുറിച്ചും വിലകുറച്ച് വാങ്ങുന്ന സ്വര്‍ണത്തില്‍ മാരകമായ രോഗങ്ങള്‍ വരുത്തുന്ന വിശാംഷമുള്ള ലോഹങ്ങള്‍ കൊണ്ടുള്ളതാണെന്നും പറഞ്ഞ് ഭയപ്പെടുത്തുമ്പോള്‍ മറ്റൊരുകൂട്ടര്‍ വിശ്വാസ്യത തെളിയിക്കാന്‍ മണിടാഗ് ഉണ്ടെന്നും പറഞ്ഞ് വീളിക്കും ഇനി മറ്റൊരു കൂട്ടരാവട്ടെ അങ്ങോട്ട് പോകരുതെന്നു പറഞ്ഞും.....കാഴ്ചക്കാരന്റെ കഷ്ടകാലം. തൊഴില്‍ മേഖലകളിലെ മഹത്വം വര്‍ണിച്ചും ശമ്പളത്തിന്റെ പെരുപ്പിച്ച കണക്കും എല്ലാം കൂടി സേഫ്റ്റി കോഴ്സിലേക്ക് ക്ഷണിക്കുമ്പോള്‍ അതില്‍ നിന്നു വിരുതും വാങ്ങി പുറത്ത് ജോലിക്ക് പോകുമ്പോഴാണ് യാതാര്‍ത്ഥ്യം തിരിച്ചരിയുന്നത്
ഇന്നു പുതിയൊരു പരീക്ഷണത്തിനു കൂടി നമ്മുടെ മുതലാളിമാര്‍ ഒരുങ്ങിയിട്ടുണ്ട്, സിനിമകളില്‍. പ്രോഗ്രാമുകള്‍ക്കിടയില്‍ പരസ്യം വരുമ്പോള്‍ റിമോട്ട് തിരയുന്നവര്‍ പക്ഷെ സിനിമകള്‍ക്കിടയില്‍ അറിയാതെ കടന്നുവരുന്ന പരസ്യങ്ങള്‍ മാറ്റില്ല എന്നു മനസിലാക്കിയാണീ പുതിയ പ്രേക്ഷക വധം.

Wednesday, May 13, 2009

ആത്മഹത്യ


ജീവിതത്തിന്റെ യാഥാര്‍ത്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ വേണ്ടി ആത്മഹത്യ പ്രാപിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍കത്തിലാണ്.ഇന്നിന്റെ ദൃശ്യമാധ്യമങ്ങള്‍ പലപ്പോഴും ആത്മഹത്യയെ പ്രോത്സാ‍ഹിപ്പിക്കുന്നു എന്നുവേണമെങ്കില്‍ പറയാം. റിയാലിറ്റി ഷോകളും സീരിയലുമൊക്കെ അനുകരിച്ച് അറിയാതെ ആത്മത്യാഗം ചെയ്യുന്നവര്‍ ഒരുവശത്ത്, മറുവശത്ത് പ്രേമ നൈരാശ്യം എന്നും സാമ്പത്തിക നഷ്ടമെന്നുമൊക്കെ പറഞ്ഞും ആത്മഹത്യയെ പുല്‍കുന്നു.ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള കഴിവില്ലായ്മയാണ് നമ്മള്‍ ഇതില്‍കാണുന്നത്.
ഒരുപാട് പ്രശസ്തര്‍ ഇങ്ങനെ ആത്മഹത്യയുടെ വഴിതേടിയിട്ടുണ്ട്. ഹിറ്റ്ലറും വേലുത്തമ്പി ദളവയും തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാളും ,കവയിത്രി നന്ദിത, നോവലിസ്റ്റ് നന്തനാര്‍ സില്‍ക് സ്മിത അങ്ങനെ നിരവധി പേര്‍ ഈ പട്ടികയിലുണ്ട്.
നിയമം കൊണ്ട് ആത്മഹത്യകൊണ്ട് ആത്മഹത്യ തടയാന്‍ കഴിയുമെന്നു തോന്നുനില്ല, നമ്മുടെ നാട്ടില്‍ ആത്മഹത്യ കുറ്റകരമാണ് ഇന്ത്യന്‍ പീനല്‍കോഡ് 309 പ്രകാരം.
ആത്മഹത്യയുടെ അനുഷ്ഠാനങ്ങളാണ് ജപ്പാനില്‍ യോദ്ധാക്കള്‍ അനുഷ്ടിച്ചിരുന്ന വയറുകീറിയുള്ള ഹരാകിരി എന്ന ആത്മഹത്യാ രീതി. അതുപോലെ നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന അനുഷ്ഠാനാത്മക സ്വയംഹത്യയായിരുന്നല്ലോ സതി.

സ്ത്രീ ധനം, ആഢംബരക്കല്യാണം


എല്ലാ സമുദായങ്ങളിലും സ്ത്രീധനം മഹാവിപത്തായി തഴച്ചുവളര്‍ന്നു കൊണ്ടിരിക്കുന്നു, എന്തിന്റെ പേരിലായാലും ന്യായീകരിക്കാന്‍ കഴിയാത്ത എന്നാല്‍ സ്ത്രീധനം കിട്ടാന്‍‌വേണ്ടി ന്യായീകരണങ്ങള്‍ വേണ്ടുവോളമുള്ള ഒരു മേഖലയാണ് സ്ത്രീധനം. സ്ത്രീതന്നെയാണ് ധനം എന്ന തിരിച്ചറിവ് എന്നു സമൂഹത്തില്‍ ഉണ്ടാവുന്നുവോ അന്നേ സമൂഹത്തില്‍ നിന്ന് ഈ വിപത്തിനെ തുടച്ച്നീക്കാന്‍ കഴിയൂ. പെണ്ണിന്റെ അച്ചനു സമയത്തിനു പറഞ്ഞ തുക കൊടുക്കാന്‍ കഴിയാതിരുന്നാല്‍ കൂടെ കഴിയുന്ന പെണ്ണാണെന്ന സാമാന്യ ബോധം പോലുമില്ലാതെ വീട്ടില്‍ നിന്ന് ഇറക്കിവിടുന്നവരും അല്പം കടന്ന് ദേഹോപദ്രവവും ഒരു ഗ്യാസ് പൊട്ടിത്തെറിയോ മറ്റോ ക്രിയേറ്റ് ചെയ്ത് ജീവന്‍ എടുക്കുന്നവരും നമുക്കിടയില്‍ തന്നെ മാന്യന്‍മാരായി ജീവിക്കുന്നു. എല്ലാ മതങ്ങളും സ്ത്രീധനത്തെ എതിര്‍ക്കുമ്പോഴും പുരോഹിതവര്‍ഗം അതിനെ ന്യായീകരണങ്ങള്‍ കൊണ്ടും മ്ലേച്ചമായ പുതിയ വ്യാഖ്യാനങ്ങള്‍കൊണ്ടും സമൂഹത്തിനിടയില്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു.
ദൂര്‍ത്തിന്റെ അഴിഞ്ഞാട്ടം നടക്കുന്ന വിവാഹമേഖലകൂടി നമുക്ക് നോക്കാം. എന്തിനും ഏതിനും കാശ് വലിച്ചെറിയുന്ന വിവാഹമാമാങ്കം പുതിയ പുതിയ ആചാരങ്ങള്‍കൊണ്ട് മലീമസമായി ക്കൊണ്ടെയിരിക്കുന്നു. ഗാനമേളകളും വെള്ളമടി പാര്‍ട്ടികളുമൊക്കെയായി രംഗം കൊഴുക്കുമ്പോള്‍ കാലിയാകുന്നത് പാവപ്പെട്ട പെണ്‍ വീട്ടുകാരുടെ പോക്കറ്റുകളാണ്. കാശുള്ളവന്‍ കാണിക്കുന്നത് മുഴുവന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് എത്രകണ്ട് വിഡ്ഢിത്തമല്ല.പട്ടിണിപ്പാവങ്ങള്‍ ഒരുനേരത്തെ ആഹാരത്തിനു വഴിയില്ലാതിരിക്കുമ്പോള്‍ നമ്മള്‍ ഇത്രവലിയ വിവാഹമാമാങ്കങ്ങള്‍ നടത്തുന്നത് അഭികാമ്യമോ.

Tuesday, May 12, 2009

നമ്മുടെ സാമൂഹികബോധം അധ:പതിക്കുന്നുവോ....

നമ്മുടെ സാമൂഹ്യബോധം അധ:പതിക്കുന്നുവോ.....
സാംസ്കാരികവും സാമൂഹികവുമായി ഒരുപാട് ഉന്നതിയില്‍ നില്‍ക്കേണ്ട മനുഷ്യന്‍ പലപ്പോഴും ഇന്ന് അധപധനത്തിന്റെ പാതയിലാണ്. ഏറ്റവും സിമ്പിള്‍ ആയി പറഞ്ഞാല്‍ നമ്മുടെ ശുചിത്വബോധം തന്നെ എടുക്കാം. നമ്മള്‍ ഏറ്റവും കൂടുതല്‍ ഗൌനിക്കേണ്ട ഒരു വിഷയം ആണല്ലൊ ശുചിത്വം. ഇന്ത്യക്കാര്‍ നമ്മള്‍ സ്വന്തം വീടും പുരയിടവും സൂക്ഷിക്കുന്നത്പോലെ പൊതുവഴിയും പൊതു സ്ഥലങ്ങളും സൂക്ഷിക്കാന്‍ തയ്യാറാവുന്നില്ല എന്നതു തന്നെ നമ്മുടെ സാമൂഹ്യബോധം ഇല്ലായ്മ വെളീവാക്കുന്നു. മറ്റിരാജ്യങ്ങളുടെ കാര്യമെടുത്താല്‍ പൊതുവഴിയില്‍ ഒന്നു തുപ്പിയാല്‍ അതല്ലെങ്കില്‍ ഒരു പേപ്പര്‍ തുണ്ട് അലക്ഷ്യമായി പൊതുവഴിയില്‍ ഇട്ടാല്‍ അതിനു പിഴ ഒടുക്കണം. ഇനി അങ്ങിനെ ഒരു നിയമമില്ലെങ്കില്‍ പോലും അവര്‍ അവരുടെ നാടിനെ ശുചിത്വത്തോടെ സംരക്ഷിക്കുന്നു. എന്നാല്‍ നമ്മളോ, പത്ത്പേര്‍ കൂടി നില്‍ക്കുന്നിടത്ത്പോലും കാര്‍ക്കിച്ച് തുപ്പുകയും മൂക്ക് ചീറ്റുകയും ചെയ്യുമ്പോള്‍ രോഗാതുരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകകൂടിയാണ് ചെയ്യുന്നത്. നമുക്ക് പരസ്പരമായ ഒരു സാമൂഹികബോധവും ബാധ്യതയും എപ്പോഴും ആവശ്യമാണ്, കാരണം മനുഷ്യന്‍ ഒരു സമൂഹ്യ ജീവിയാണല്ലൊ.

Sunday, May 10, 2009

മെയ് 10 മാതൃദിനം. മാതാവ് പ്രഥമ വിദ്യാലയം


ആഗോളവര്‍ക്കരണത്തിനെ എതിര്‍ക്കുന്നവര്‍ പറയുന്നത് ഇതിന്റെ ഭാഗമായാണ് മാതൃദിനം ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ഇന്ത്യയിലുമെല്ലാം എത്തിയതെന്നാണ്, അതെന്തായാലും ആധുനികതയുടെ തിരക്കുകള്‍ക്കിടയില്‍ ഒരു ദിവസമെങ്കിലും മാതാവിനെ സ്നേഹിക്കാന്‍ മാറ്റിവെക്കുന്നെങ്കില്‍ അതുതന്നെ വലിയ കാര്യം.വിമര്‍ശനാത്മകമായി നോക്കിക്കണ്ടാല്‍ എന്തും കച്ചവടവല്‍ക്കരിക്കുന്ന ‘സ്പെഷ്യല്‍ ഡേ’കള്‍ മാതൃദിനവും കാര്‍ഡ്,ഗിഫ്റ്റ് കച്ചവടത്തിനുള്ള ഒരുപാധിയായി കാണുന്നു.
എങ്കിലും നമ്മള്‍ ഭാരതീയര്‍ പിതാവിനേക്കാളും മറ്റാരെക്കാളും മാതാവിന് വൈകാരീക സ്ഥാനം നല്‍കുന്നു. സ്വന്തം രാജ്യത്തെ പോലും അമ്മയായി അഭിസംബോധനം ചെയ്യുന്നു നാം എന്നാല്‍ വിദേശികള്‍ അതില്‍ നിന്നു അല്പം വ്യത്യസ്തമാണ് എന്നിരുന്നാലും മാതാ‍വിനു അവരും കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നു.അമ്മയെ ആദരിക്കുന്നതില്‍ എന്നും യൂറോപ്യര്‍ മുന്നില്‍ നിന്നിട്ടുണ്ട്, അമേരിക്കയിലാണ് ഒരു ആചാരമായി മാതൃദിനം രൂപപ്പെട്ടത്.1914 ല്‍ യു എസ് പ്രസിഡന്റായിരുന്ന വുഡ്രോ വിത്സണ്‍ ആണ് മാതൃദിനത്തിന്‍ ഒരു ഏകീകൃത രൂപം നല്‍കിയത്.അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ സ്ത്രീകള്‍ അനുഭവിച്ച വേദനകളായിരുന്നു ഇത്തരം ഒരു ആചാരത്തിലെക്ക് അമേരിക്കയെ നയിച്ചത്. പുരാതന ഗ്രീസിലെ മാതൃപൂജയുടെ ഭാഗമായി വന്നതാണിതെന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്.
വ്യത്യസ്ത കാലങ്ങളിലാണ് ലോകം മാതൃദിനം മാതാക്കള്‍ക്ക് സമര്‍പ്പിക്കുന്നത്,ന്യൂസിലാന്റില്‍ മെയ് ആദ്യഞായറാഴ്ചയും സ്പെയ്നിലും പോര്‍ച്ചുഗലിലും ഡിസംബര്‍ എട്ടിനുമാണ് മാതൃദിനം.മെയ് രണ്ടാം ഞായറാഴ്ചയാണ് പൊതുവെ മദേഴ്സ് ഡേ ആചരിക്കുന്നതെങ്കിലും ചില രാജ്യങ്ങളില്‍ മറ്റു ഞായറാഴ്ചകളിലും ആഘോഷിക്കാറുണ്ട്.ഉദാഹരണമായി ഫ്രാന്‍സില്‍ മെയ് അവസാന ഞായറില്‍ സ്വന്തക്കാരും സുഹൃത്തുക്കളുമൊക്കെകൂടി മാതൃദിനം ആഘോഷിക്കുന്നു. ജപ്പാനിലെത്തുമ്പോള്‍ കുട്ടികളുടെ ചിത്രരചനാ മത്സരവും അവര്‍ വരച്ച ചിത്രങ്ങള്‍ അമ്മമാര്‍ക്ക് സമ്മാനിക്കുകയും ഒന്നാം സമ്മാനര്‍ഹന്റെ ചിത്രം അടുത്തനാലു വര്‍ഷം മാതൃദിനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു
1600കളില്‍ മാതൃദിനത്തെകുറിച്ച് പരാമര്‍ശമുണ്ട്. ഇംഗ്ലണ്ടില്‍ മദറിംഗ് സണ്‍‌ഡേ ഇതിനുദാഹരണമാണ്,ഇംഗ്ലണ്ടിലെ വീട്ടുജോലിക്കാര്‍ക്ക് സ്വഗൃഹങ്ങളില്‍ പോയി മാതാവിനെ കാണാനുള്ള അവസരമായിരുന്നു മദറിംഗ് സണ്‍‌ഡേ. യു കെയില്‍ ഇപ്പോഴും മദറിംഗ് സണ്‍‌ഡേ തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് മാതൃദിനം ലോകത്ത് വ്യാപിക്കാന്‍ തുടങ്ങിയത് എന്നു വേണമെങ്കില്‍ പറയാം. ഏഷ്യാ മൈനറിലും റോമിലും വസന്തകാലത്താണ് മാതൃദിനം ആഘോഷിക്കുന്നത്, മാര്‍ച്ച് 15 മുതല്‍ 18 വരെ ഏതെങ്കിലും ഒരു ദിവസം അവര്‍ മദേഴ്സ് ഡേ കൊണ്ടാടുന്നു. പഴയ റോമക്കാര്‍ മദേഴ്സ് ഡേക്കു പകരം മട്രോണാലിയ എന്ന പേരിലാണ് ആചരിക്കുന്നത്.

Saturday, May 9, 2009

എന്റെ പ്രണയം


പ്രാണസഖിയുടെ പൂനിലാവുപോലുള്ള പുഞ്ചിരികാണാനും പാതിരാവിലുമുറങ്ങാതെ പ്രണയിനിയെയോര്‍ത്ത് നേരം വെളുപ്പിക്കുകയും ചെയ്യുന്ന കാമുക ഹൃദയങ്ങളുള്ള നാം, നിലക്കാത്ത ഹൃദയത്തിന്റെ താളവും നിശ്ശബ്ദമായ ഹൃത്തിന്റെ വേദനയും ഒരു നെടുവീര്‍പ്പില്‍ അലിയിച്ച്കളഞ്ഞ് വീണ്ടുമൊരു പ്രണയത്തിന്റെ അഗാധതയിലേക്ക് ഊളിയിടാന്‍ വെമ്പുന്ന യുവഹൃദയങ്ങള്‍ പറയുന്നത്, എഴുതുന്നതും അനിര്‍വചനീയമായ പ്രണയത്തിന്റെ അനുഭൂതി തന്നെയാണ്. കഴിഞ്ഞുപോകുന്ന ഓരോ നിമിഷങ്ങളും ഓര്‍മകളാണ്. അതിലേറ്റവും ഓര്‍മിക്കാനിഷ്ടപ്പെടുന്നത് പ്രണയത്തിന്റെ നനുത്ത ഓര്‍മകളും കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഇടവഴിയില്‍ കാത്തിരുന്നു സല്ലപിച്ചതുമയല്പക്കത്തെ റോസാപ്പൂ ആരുംകാണാതെയിറുത്ത് സ്വന്തം പ്രണയിതാവിന്ന് സമ്മാനിക്കുകയും ചെയ്ത ഒരിക്കലും മറക്കാത്ത, മനസ്സിന്റെ മണിച്ചെപ്പില്‍ മായാതെ മറഞ്ഞിരിക്കുന്ന ഒരുപാടു ഓര്‍മകള്‍.
അതിനിടയിലെപ്പോഴോ കോളേജ് കാമ്പസിലെ മരത്തണലില്‍ പൂത്തുതളിര്‍ത്തിരുന്ന പ്രണയത്തെ ഐസ്ക്രീം പാര്‍ലറുകളും സിനിമാ തിയേറ്ററുകളും അങ്ങോട്ട് ആകര്‍ഷിച്ചപ്പോള്‍ ആത്മാര്‍ത്ഥതയുടെ ശോശണം വ്യക്തമായിരുന്നു. ആധുനിക പ്രണയം പലപ്പോഴും പോക്കറ്റിന്റെ കനവും കയ്യിലിരിക്കുന്ന വാഹനത്തിനെ മോഡലും നോക്കി മാത്രമായപ്പോള്‍ കവികള്‍ പാടിപ്പുകഴ്ത്തിയ പ്രണയത്തിന്റെ സുഖം നഷ്ടപ്പെടുത്തിയോ.

Friday, May 8, 2009

ഹര്‍ത്താല്‍


നാളെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ .....പാര്‍ട്ടി സ്പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താല്‍.പാല്‍,പത്രം,ആസ്പത്രി തുടങ്ങിയ അവശ്യ സര്‍വീസുകല്‍ ഒഴിവാണ്.ഇത്തരം ഒരു പത്രക്കുറിപ്പ് ദിനേനയെന്നോണം കേരളം കണികണ്ടുണരുന്നു.
പണ്ട് ഹര്‍ത്താലെന്നാല്‍ ചെരിയൊരു അനുശോചനം,അല്ലെങ്കില്‍ കടയടപ്പ് പ്രതിഷേധം ഇങ്ങനെ ചെറിയ ഒരു പ്രദേശത്ത് മാത്രമൊതുങ്ങുന്നതായിരുന്നു ഹര്‍ത്താല്‍. എന്നാല്‍ ഇന്ന് കഥ മാറി,പണ്ട് ബന്ദ് ഉണ്ടായിരുന്ന കാലത്ത് ഹര്‍ത്താല്‍ ഇങ്ങ്നനെയൊക്കെ മതിയായിരുന്നു. പക്ഷെ ബന്ദ് തൊഴിലായി സ്വീകരിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഈര്‍ക്കിളി പാര്‍ട്ടികള്‍വരെ കേരളം സ്തംഭിപിക്കാനിറങ്ങിയപ്പോള്‍ നമ്മുടെ സാറന്മാര്‍ ഇടപെട്ട് ഒരു നിയമമങ്ങു പാസാക്കി,ബന്ദ് നിരോധിച്ച്കൊണ്ട്. എന്നുകരുതി അങ്ങനെ തോറ്റുകൊടുക്കാനൊന്നും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികല്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ട് അവര്‍ പാവം ഹര്‍ത്താലിനെ പിടിച്ച് ബന്ദിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. അതിനാലെ ജനം വലഞ്ഞെന്നു പറഞ്ഞാല്‍ മതിയല്ലൊ. ഇപ്പം ഹര്‍ത്താലിന്റെ സ്താനത്ത് മറ്റോരു പേരുവെക്കാനില്ലാത്തത് കൊണ്ട് ഫലത്തില്‍ കേരളനാട്ടില്‍ എന്നും ബന്ദ്.
സദ്ദാം ഹുസൈനെ തൂക്കികൊന്നപ്പോള്‍ ബുഷിന്റെ നയങ്ങല്‍ക്കെതിരെയും ചിക്കന്‍ഗുനിയക്കെതിരെയുമൊക്കെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിലെ വിഡ്ഡിത്തം എത്രപേര്‍ ചിന്തിക്കാറുണ്ട്.ചിക്കങുനിയക്കെതിരെ ബന്ദ് പ്രഖ്യാപിക്കുമ്പോള്‍ റോഡിലിറങ്ങാന്‍ പറ്റാത്തത് കൊതുകുകള്‍ക്കല്ലല്ലൊ,പാവം ജനങ്ങള്‍ക്കല്ലെ. ഇന്നിപ്പോള്‍ ന്യായമായ ആവശ്യങ്ങള്‍ക്കാണ് ഹര്‍ത്താലെങ്കില്‍ പോലും മനസില്‍ ഒരു പുഛം തോന്നുന്നു ജനങ്ങള്‍ക്ക്, വൃത്തികെട്ട ഈ ഹര്‍ത്താലുത്സവങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം നശിപ്പിക്കാനും അവരുടെ സഞ്ചാര സ്വാതന്ത്രത്തെ ഹനിക്കാനും മാത്രമുള്ളതാണെന്നു തിരിച്ചറിഞ്ഞ് രാഷ്ടീയക്കാര്‍ ഒരിക്കലും പിന്തിരിയില്ല, അതുകൊണ്ട് നമ്മല്‍ ജനകീയ കൂട്ടായ്മകളാണ് ഇതിനെതിരില്‍ രംഗത്തുവരേണ്ടത്.

Thursday, May 7, 2009

ജേര്‍ണലിസം ജീര്‍ണലിസം

ഇത്തിരിപോന്ന നമ്മുടെ കൊച്ചു കേരളത്തില്‍ കാക്കത്തൊള്ളായിരം ചാനലുകളും പത്രമാധ്യമങ്ങളും, പിന്നെ പച്ചനുണ നിഷേധിക്കാനാവാത്ത സത്യമാക്കാനുള്ള അവരുടെ കഴിവും, ഏറ്റവും അവസാനം നമ്മള്‍ കണ്ടത് തെരഞ്ഞെടുപ്പിന്റെ വര്‍ദ്ദിച്ച പോളിംഗിന്റെ കാര്യത്തിലായിരുന്നു. ഉച്ചക്ക് മുന്‍പ് കേരളത്തിന്റെ പോളിംഗ് സകലകാല റെക്കോര്‍ഡും തകര്‍ക്കും എന്നു പറഞ്ഞപ്പോള്‍ ഉച്ച തിരിഞ്ഞ് പോളിംഗ് കുറയുമെന്നും വൈകുന്നേരം കേരളം അരാഷ്ട്രീയ വാദത്തിലേക്കെന്നും റ്റെലിവിഷം ലൈവന്മാര്‍ തുണ്ടുകഷണം വെച്ചു വിളമ്പി.
വാര്‍ത്തകള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ പിന്നെ വാര്‍ത്തകള്‍ക്ക് വേണ്ടി ഒന്നോ രണ്ടോ വിവാദങ്ങള്‍ ആഴ്ചയില്‍ ഉണ്ടാക്കാം എന്നു നമുക്ക് കാണിച്ച് തന്നതും ഇവിടത്തെ മാധ്യമങ്ങള്‍. മുന്നാറും ലാവ്‌ലിനും പിണറായി അച്ചുതാനന്ദ വിവാദവും പിന്നെ സാമിമാരും എല്ലാം വെറും വിവാദങ്ങള്‍ എന്നതിലപ്പുറം അതല്ലെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചത്തെ ചൂടന്‍ ചര്‍ച്ചക്കുള്ള ഒരു വിഷയം മാത്രം, ഇതിനപ്പുറം ക്രിയാത്മകമായ എന്തെങ്കിലും ചെയ്യാന്‍ നമ്മുടെ ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ക്ക് കരുത്തില്ലാതെ പോകുന്നത് ഇത്തരം കാളയുടെ പേറെടുക്കുന്നത് കൊണ്ടാണ്.
ഒരു ബാലിക ബലാത്സംഗത്തിനിരയായാല്‍ പോലും അതിന്റെ സാമൂഹിക മാനത്തെ തെല്ലും ഗൌനിക്കാതെ വെറും കച്ചവട വാര്‍ത്തയായികണ്ട് കൊണ്ടാടുന്ന പത്ര ദൃശ്യ മാധ്യമങ്ങള്‍ ആധുനിക മാധ്യമ വ്യവസ്തിഥിയുടെ മൂല്യച്യുതി വെളിവാക്കുകയാണ് ചെയ്യുന്നത്. വെറും കച്ചവടം, ലാഭം എന്നതിനൊക്കെഅപ്പുറം സാമൂഹിക നന്മക്ക് കൂടി മുന്‍‌തൂക്കം നല്‍കുക എന്നത് നമ്മുടെ മാധ്യമ ലോകം മറന്ന് പോയിരിക്കുന്നു. പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ചെളീവാരി എറിയാന്‍കൂടി വിലപ്പെട്ട സമയവും താളുകളും ഉപയോഗപ്പെടുത്തുന്ന ഇവര്‍ സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് സംസാരിക്കുമ്പോള്‍ ലജ്ജ തോന്നുന്നു ഇവരെ കുറിച്ച്.
രാഷ്ട്രീയക്കരന്നു വിഴുപ്പലക്കാന്‍ വേദിയൊരുക്കുന്ന മാധ്യമങ്ങള്‍ നാടിന്റെ വികസനത്തിനു പോലും പലപ്പോഴും തുരങ്കം വെക്കുന്നു.ഇന്ത്യയുടെ വികസനതിനു വല്ല നിയമം വന്നാല്‍ അതല്ലെങ്കില്‍ മറ്റു രാജ്യങ്ങല്‍ നമ്മുടെ നാട്ടില്‍ നിക്ഷേപമിറക്കാന്‍ ആഗ്രഹിച്ചാല്‍ അനാവശ്യ ചര്‍ച്ചകളും ഇല്ലാത്ത കഥകളും മെനഞ്ഞ് അതിനെ നമുക്ക് നശ്ടപ്പെടുത്താനും ഇവര്‍ മുമ്പിലുണ്ട്.
എന്നിരുന്നാലും നന്മയുടെ അംശം അവശേഷിക്കുന്ന നല്ലൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെ നിലനില്‍കുന്നുണ്ടെന്നതാണ് ചെറിയ ആശ്വാസം. ഒരു ചെറിയ വിഭാഗത്തിന്റെ അതല്ലെങ്കില്‍ പത്ര മുതലാളിമാരുടെ ലാഭക്കൊതികോണ്ട് മാത്രം അവര്‍ക്കിടയിലെ നന്മ നമ്മള്‍ കാണാതിരിക്കരുതല്ലൊ.

Wednesday, May 6, 2009

പിരിമുറുക്കം (ടെന്‍ഷന്‍)


ചെറിയ കാര്യങ്ങള്‍ക്ക് പോലും മാനസികമായി പിരിമുറുക്കം അനുഭവിക്കുകയും അതുവഴി ജീവിതത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന നമുക്കിടയിലെ ചിലര്‍ അതിന്റെ ശാരീരികവും മാനസികവുമായ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാന്മാരല്ല.കുറച്ച്പേരെ ഒരുമിച്ച് കണ്ടാല്‍, അതല്ലെങ്കില്‍ പത്ത്പേരുടെ ഇടയില്‍ ഒന്നു സംസാരിക്കാന്‍ അവസരം കിട്ടിയാല്‍ അതല്ലെങ്കില്‍ വീട്ടിലെ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ സ്വയം മാനസികമായി ഉരുകുന്നവര്‍, അവരെ കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.

Tuesday, May 5, 2009

ഗുണ്ടായിസവും യുവതലമുറയും


രാഷ്ട്രീയ ഗുണ്ടകളും പണം കൊടുത്താല്‍ കയ്യും കാലും തലയും വരെ എടുക്കുന്ന ക്വട്ടേഷന്‍ ടീമുകളും വാഴുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍പോലും മുതിരുന്ന ഗുണ്ടാപ്പട എങ്ങോട്ടാണ് നമ്മുടെ നാടിനെ കൊണ്ട് പോകുന്നതെന്ന് കണ്ട് തന്നെയറിയണം, സിനിമാകഥകളിലെ ആക്ഷന്‍ രംഗങ്ങളേപോലും വെല്ലുന്ന പ്ലാനിംഗുമായി ക്വട്ടേഷന്‍ ടീമുകള്‍ വിലസുമ്പോള്‍ മറുവശത്ത് അവരെ ഉപയോഗിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും കൂടിയാവുമ്പോള്‍ സംഗതി ശുഭം.
തങ്ങളുടെ ആവശ്യങ്ങള്‍ക്ക് കൊല്ലാനും ചാവാനും ഇറങ്ങുന്ന ഗുണ്ടാപടയെ സംരക്ഷിക്കേണ്ട ബാധ്യതയും രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കുന്നു. അതുകൊണ്ട് തന്നെ നമുക്കിടയില്‍ നടക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും തെളിവില്ലയെന്നും ആത്മഹത്യ എന്നുമൊക്കെ പറഞ്ഞ് എഴുതിത്തള്ളുന്നു.നിയമപാലകര്‍ക്ക് പോലും രക്ഷയില്ലാത്ത നമ്മുടെ നാട്ടില്‍ പാവം സാധാരണക്കാരന്റെ ഗതി അധോഗതി.

Monday, May 4, 2009

മക്കള്‍ മഹാത്മ്യം

ആശയോടെ ഒരത്താണിയാകുമെന്നു പ്രതീക്ഷയോടെ വളര്‍ത്തുന്ന മക്കള്‍ ആധുനീകതയുടെ മായാവലയത്തില്‍ അകപ്പെട്ട് സ്വന്തം മാതാപിതാക്കളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമ്പോള്‍ അവരറിയുന്നില്ല അവനും ഒരുനാളില്‍ വൃദ്ധനാവുമെന്ന്, ജീവിതം നല്‍കുന്ന പാഠങ്ങള്‍ കണ്ടില്ലെന്നു നടിച്ച് അടുത്തവന്റെ ആഢംബരം കണ്ട് അവനെ പോലെയാകാനുള്ള ദുരാഗ്രഹംകൊണ്ട് മാത്രം തന്നെ വളര്‍ത്തി വലുതാക്കിയ തന്റെ കുടും‌ബത്തെ കണ്ടില്ലെന്നു നടിക്കുന്നത് എത്രത്തോളം ആശാവഹമല്ല
വൃദ്ധസദനങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ അതിന്റെ വിജയം സൂചിപ്പിക്കുന്നത് സമൂഹത്തിന്റെ മൂല്യച്യുതി തന്നെയാണ്.മക്കളെകുറിച്ച് വാനോളം സ്വപ്നം കാണുന്ന മാതാപിതാക്കള്‍ അവരുടെ പില്‍കാല പെരുമാറ്റം കാണുമ്പോള്‍ നെഞ്ചുരുകി കണ്ണീര്‍ വാര്‍ത്തു ജീവിതം തള്ളിനീക്കുന്നു.

Sunday, May 3, 2009

Friendship


സ്വാന്തനം തേടി അലയുന്ന ഹൃദയങ്ങള്‍ ആഗ്രഹിക്കുന്നത് അല്പം സ്നേഹമാണെങ്കില്‍ അത് നല്‍കാന്‍ സൌഹൃദങ്ങല്‍ക്ക് സാധിക്കുന്നു.സന്തോഷവും സന്താപവും സല്ലാപവും പങ്കുവെക്കാന്‍ എപ്പോഴും നമ്മള്‍ ആദ്യം പരിഗണിക്കുന്നതും സുഹൃത്തുക്കളേയായിരിക്കും, എങ്കിലും എവിടെയും കള്ളനാണയങ്ങള്‍ ഉണ്ടാവുമല്ലൊ.ജീവിതത്തിന്റെ നിഖില മേഖലകളില്‍ കണ്ടെത്തിയ സൌഹൃദങ്ങളും അനുഭവങ്ങളും പങ്കുവെക്കാം.

Saturday, May 2, 2009

തൊഴിലാളി സമൂഹവും മുതലാളിത്തവും


തൊഴിലാളികള്‍ക്ക് വേണ്ടി സംസാരിച്ച മാര്‍ക്സിസവും മാര്‍ക്സിനു ശേഷം വന്ന മുതലാളിത്തത്തിന്റെ സ്വന്തമെന്നു മുതലാളിത്തം തന്നെ ഉയര്‍ത്തിക്കാട്ടിയ കെയിന്‍സിസവും (മുതലാളിത്ത ചൂഷണത്തെ എടുത്ത്കാട്ടിയ കാറല്‍ മാര്‍ക്സ് മരിച്ച അതേ വര്‍ഷം തന്നെ ജോണ്‍ മെയിനാര്‍ഡ് കെയിന്‍സ് ജനിച്ചു, ഇതുകൊണ്ടാണ് മാര്‍ക്സിന്റെ മുതലാളിത്ത തകര്‍ച്ചയെകുറിച്ചുള്ള പ്രവചനത്തെ പ്രതിരോധിക്കാന്‍ പിറന്നവന്‍ എന്നു മുതലാളിത്തം ഉയര്‍ത്തിക്കാട്ടിയത് എന്നു ചരിത്രം) നവലിബറലിസവും എല്ലാം ചരിത്രത്തില്‍ മായാതെ കിടപ്പുണ്ട്.
നമ്മുടെ നാട്ടിലാണെങ്കില്‍ ചരിത്രത്തിന്റെ ഇന്നലെകളിലേക്ക് സഞ്ചരിക്കുമ്പോള്‍ ഒരു സമൂഹത്തിന്റെ നെടുവീര്‍പ്പുകളും രോദനങ്ങളും നാം കേള്‍ക്കുന്നുണ്ട്. ജന്മിമാരുടേയും നാട്ടുരാജാക്കന്മാരുടേയും അടിമകളായിരുന്ന തൊഴിലാളി വര്‍ഗം ഒരുകാലത്ത് മൃഗങ്ങളേപ്പോലെ ജീവിതം നയിച്ചവരായിരുന്നു. ലോകം മുഴുവനും വിപ്ലവത്തിന്റെ ചൂടറിഞ്ഞപ്പോള്‍ ഇന്ത്യയും അതില്‍നിന്നു മാറിനിന്നില്ല, നമ്മള്‍ കൊയ്യുന്ന വയലുകള്‍ നമുക്ക് തന്നെ കിട്ടിയപ്പോള്‍ അതൊരു ജീവിതത്തിന്റെ തുടക്കമായിരുന്നു, തുല്യതയില്ലാത്ത പീഠനങ്ങള്‍ ഏറ്റുവാങ്ങിയവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തപ്പെട്ടത് എക്കാലത്തും സ്മരിക്കപ്പെടേണ്ടത് തന്നെയാണ്

മതവും യുക്തിവാദവും


മതമോ.? യുക്തിയോ..? കാലാകാലങ്ങളില്‍ ഈ രണ്ട് വിഭാഗവും നിലനിന്നിട്ടുണ്ട്. ദൈവീക സാന്നിദ്ധ്യത്തിന്റെ എത്രയോ ഉദാഹരണങ്ങള്‍ മതഗ്രന്ഥങ്ങള്‍ എടുത്ത് പറയുമ്പോള്‍ അതിന്റെ വിശ്വാസത്തെ വെറും യുക്തികൊണ്ട് മാത്രം പ്രതിരോധിക്കാന്‍ ശ്രമിക്കുക എന്നതാണല്ലോ യുക്തിവാദം. ശാസ്ത്രത്തിന്റെ വികാസത്തോടൊപ്പം ശക്തിപ്പെട്ട യുക്തിവാദം പക്ഷെ കണ്ടുപിടുത്തങ്ങളുടെ പൊളിച്ചെഴുത്ത് നടക്കുമ്പോള്‍ യുക്തിവാദത്തിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നു.

ലൈഗീകത തെറ്റും ശരിയും


കേരളത്തിന്റെ കപട സദാചാരം സെക്സ് എന്നു കേള്‍ക്കുമ്പോഴേ മുഖം ചുളിക്കുകയും ഇരുട്ടിന്റെ മറവില്‍ ലൈഗീകതയുടെ പുതിയ വഴികള്‍ തേടിപ്പോവുകയും ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇരകളാവുന്നത് ഇന്നിന്റെ കൌമാരങ്ങളാണ്.
കൌമാരം ലൈഗീകമായ അറിവില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു സമയമാണ്, രക്ഷിതാക്കളോ അധ്യാപകരോ ശരിയായ ലൈഗീക വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കാത്ത അല്ലെങ്കില്‍ അതിനു മടിക്കുന്ന നമ്മുടെ കൌമാരക്കാര്‍ തെറ്റായ വഴികളും അറിവുകളും തേടിപ്പോകുമ്പോള്‍ ചെന്നെത്തുന്നത് അബദ്ധത്തിന്റെയും ചതിക്കുഴികളുടേയും ഇടയിലേക്കാണ്. ഇത്തരുണത്തിലാണ് ലൈഗീകതയുടെ ശരികളേയും തെറ്റുകളേയും കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.

ദാനധര്‍മവും ആത്മസംതൃപ്തിയും


ദാനേ സത്വ നിധി: കുര്യാത് ന പ്രത്യുപകൃതി സ്പൃഹാം
(ദാനം ചെയ്യുന്നത് ശുദ്ധ മനസ്സോടുകൂടിയാവണം; പ്രത്യുപകാരം ആഗ്രഹിച്ചാകരുത്.)
ദാനം ഒരു മഹത്തായ കര്‍മമാണ്, അതുകൊണ്ട് തന്നെയായിരിക്കണം എല്ലാ മതങ്ങളും ദാനധര്‍മ്മങ്ങളുടെ മഹത്വത്തെകുറിച്ചും അതിന്റെ ആവശ്യകതയെകുറിച്ചും സംസാരിച്ചത്. ചരിത്രത്തിന്റെ ഏത് കോണ്‍ എടുത്താലും ഒരാളുടെ മഹത്വം പറയുമ്പോള്‍ അയാളുടെ ദാനധര്‍മ്മങ്ങള്‍ കൂടി പരാമര്‍ശിക്കപ്പെടുന്നു. ബൈബിളും ഖുറാനും പുരാണങ്ങളുമെല്ലാം ദാനത്തിന്റെ മഹത്വത്തെകുറിച്ച് എടുത്ത്പറയുന്നു.
അശരണരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ലോകത്തിന്റെ നിലനില്പിന്നുതന്നെ അത്യന്താപേക്ഷിതമാണ്, ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന് ഇത് ഏറ്റവും ആവശ്യവുമാണ്. എന്നാല്‍ ലോകമാന്യത്തിനും മറ്റുള്ളവര്‍ അറിയാനും വേണ്ടിവാത്രം ദാനം ചെയ്യുന്നവര്‍ അറിയുന്നില്ല; അവര്‍ ദാനം ആര്‍ക്ക് കൊടുക്കുന്നുവോ അവരെ സമൂഹത്തിനുമുന്നില്‍ അപമാനിക്കുകയാണെന്ന്,കാരണം മനുഷ്യന്‍ ഒരിക്കലും അവന്റെ കുറവുകള്‍ മറ്റുള്ളവരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നവരല്ല. അതുകൊണ്ട് ഇന്നിന്റെ നമ്മുടെ രാഷ്ട്രീയക്കാരും മിക്ക പ്രവാസ സംഘടനകളും 1000 രൂപയുടെ ഒരു ആട് കൊടുക്കുമ്പോള്‍ അല്ലെങ്കില്‍ നാട്ടിലേക്ക് പോകുന്ന ഒരാള്‍ക്ക് ടിക്കറ്റ് എടുത്ത് കൊടുത്താല്‍ അതിന്റെ കളര്‍ ഫോട്ടോ എടുത്ത് ന്യൂസ് പേപ്പറുകളില്‍ പെട്ടിക്കോളം വാര്‍ത്തയാക്കുന്നത് ഒഴിവാക്കേണ്ടത് തന്നെയാണ്.
പണമുള്ളവന്‍ മറ്റുള്ളവരെ സഹായിക്കാതെ വീണ്ടും വീണ്ടും വാരിക്കൂട്ടാന്‍ മാത്രം ശ്രമിക്കുമ്പോള്‍ അന്നന്നേക്ക് അന്നം കണ്ടെത്തുന്നവന്‍ തന്റെ സഹജീവിയെ കൂടി സഹായിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നു എന്നതും ശ്രദ്ദേയമാണ്.

പ്രവാസിയുടെ ആരോഗ്യ പ്രശ്നങ്ങള്‍


ജീവിതത്തിന്റെ മുന്നോട്ട് പോക്കിനും കേരളത്തിന്റെ വികസനത്തിനും പ്രവാസം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. എങ്കിലും പ്രവാസം പ്രാവാസികള്‍ക്ക് നേടിത്തരുന്ന രോഗങ്ങളേക്കുറിച്ച് അതിനു കീഴ്‌പെടുമ്പോള്‍ മാത്രമാണ് നമ്മള്‍ ചിന്തിക്കുന്നത്, പ്രഷറും ഷുഗറും ഇന്നൊരു അലങ്കാരമായി കൊണ്ട് നടക്കുന്നവരാണ് പ്രവാസികളിലതികവും.
എന്നാല്‍ അതിനു കൂടെ തന്നെ ചിന്തിക്കേണ്ട മറ്റൊരു വിശയം പ്രവാസികുടുമ്പങ്ങളേ കുറിച്ചാണ്, അവരുടെ മാനസിക പ്രശ്നങ്ങള്‍, അതില്‍ ഏറ്റവും കൂടുതല്‍ ഇരകളാവുന്നത് ഭാര്യമാരും. വിരഹം എത്രത്തോളം മനുഷ്യനെ ബാധിക്കുന്നു എന്നറിയാന്‍പ്രവാസി ഭാര്യമാരെ നോക്കിയാല്‍ മതി. ഭര്‍ത്താവുമായി അടുത്തറിഞ്ഞു വരുമ്പോള്‍ തന്നെ പിരിയുന്ന അവസ്ഥ, ഒപ്പം ഭര്‍തൃവീട്ടില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കൂടിയാവുമ്പോള്‍ സംഗതി ശുഭം.ഇത്തരം അവസ്ത വിഭ്രാന്തിയും തളര്‍ച്ചയും മാനസിക പ്രശ്നങ്ങളുമായി പരിണമിച്ചു. ഗള്‍ഫ് സിന്‍‌ട്രോം എന്ന വിരഹിണികള്‍ക്ക് മാത്രം സ്പെഷ്യലൈസ് ചെയ്ത രോഗം സമ്മാനിച്ച പ്രവാസികള്‍ നമ്മുടെ വീട്ടുകാര്‍ക്ക് ഒരു രോഗം കൂടി സംഭാവന ചെയ്തു, സാറ്റര്‍ഡേ സിന്‍‌ട്രോം എന്ന പേരില്‍, വെള്ളിയാഴ്ചകളില്‍ ലഭിക്കുന്ന ഫോണ്‍ കോളിന്റെ പിരിമുറുക്കം നല്‍കുന്ന ബാക്കിപത്രം. ഇത്തരം ഒരു സാഹചര്യത്തിലാണ് പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങളോടൊപ്പം അവരുടെ കുടുംബങ്ങളുടെ ആരോഗ്യത്തെകുറിച്ച്കൂടിയുള്ള ചര്‍ച്ച പ്രസക്തമാവുന്നത്.

എത്ര പേര്‍ പോയി? എവിടേയ്ക്ക് പോയി?
കുടുംബത്തിലെ ഒരംഗമെങ്കിലും പ്രവസിക്കുന്ന വീടുകള്‍ - 21%
മൊത്തം പ്രവാസികളുടെ എണ്ണം - 22 ലക്ഷം
യു എസ് ഏ - 3.8%
യു ഏ ഈ - 25.9 %
സൗദി അറേബ്യ -37.8%
ഒമാന്‍ -11.8%
മറ്റു ഗള്‍ഫ് നാടുകള്‍ -13%
സിംഗപ്പൂര്‍, മലേഷ്യ, ഇംഗ്ലണ്ട്, ആസ്ത്രേലിയ, മറ്റെല്ലാം - 7.5%

എന്തു തരത്തില്‍ പെട്ടവര്‍ ഇവര്‍?
നിരക്ഷരര്‍- 1%
കേവലവിദ്യാഭ്യാസമുള്ളവര്‍- 55%
മിഡില്‍ സ്കൂള്‍- 25%
ഹൈസ്കൂള്‍- അപ്പുറം - 8%
ഉന്നത പ്രൊഫഷണലുകള്‍ - 6%
മറ്റു പ്രൊഫഷണലുകള്‍ - 5%


എന്തു ജോലി ചെയ്യുന്നു ഇവര്‍?
ഫാക്റ്ററി, കൂലിപ്പണി - 49%
സെയില്‍സ്മാന്‍- 14.4%
ക്ലെറിക്കല്‍ - 7.8%
ചെറിയതരം പ്രൊഫഷണല്‍ - 6.4%
ഉന്നത പ്രൊഫഷണല്‍ - 4.8%
സേവനജോലി - 5.4%
കൃഷി, മീന്‍ പിടിത്തം, മരം വെട്ട് - 1.8%
മാനേജ്മെന്റ്, എക്സിക്യൂട്ടീവ് -1.5%
മറ്റു നാനാ ജോലി - 9%

ശരാശരി പ്രവാസകാലയളവ് - 6.5 വര്‍ഷം
(കണക്കുകള്‍ anonyantony.blogspot.com )

ശ്രീലങ്കയിലെ പുലിവേട്ടയും അനുബന്ധ പ്രശ്നങ്ങളും


സ്വാതന്ത്രാനന്തര ശ്രീലങ്കക്ക് നേരിടേണ്ടിവന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചിലുകളുടെ ദാരുണ ദൃശ്യങ്ങളായിരുന്നു.10 ലക്ഷത്തിലേറെയുള്ള തമിഴരെ അംഗീകരിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല,അതിനു ശേഷം തമിള്‍ മേധാവിത്വമുള്ള പ്രദേശങ്ങളില്‍ സിംഹളന്മാരെ കുടിയിരുത്തുന്നതും പ്രശ്നം രൂക്ഷമാക്കി. പിന്നീട് വന്ന പല ഭരണ പരിഷ്കാരങ്ങളും തമിഴരെ രണ്ടാം തരക്കാരാക്കി. പരോക്ഷ സര്‍ക്കാര്‍ സഹായത്തോടെ തമിഴരെ ആക്രമിക്കാനും ഈ കാലയളവില്‍ തുടങ്ങി.1956 ല്‍ സിംഹളീസ് ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷയാക്കുകയും അതുപോലെ തന്നെ ശ്രീലങ്കന്‍ യൂണിവേഴ്സിറ്റിയില്‍ തമിഴരെ ഒതുക്കാന്‍ 1970 ല്‍ തമിഴര്‍ക്ക് മുപ്പത് ശതമാനം കൂടുതല്‍ മാര്‍ക്ക് വേണം എന്നുകൂടി വന്നതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി.1972 ല്‍ സിലോണിന്റെ പേര്‍ ശ്രീലങ്ക എന്നാക്കുകയും റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ഉണ്ടായി.
ഇങ്ങനെ സിംഹള വല്‍കരിച്ച നിയമങ്ങള്‍ വളരെ സമാധാനത്തോടെ നേരിട്ട ശ്രീലങ്കന്‍ തമിഴന്മാര്‍ പക്ഷെ 1976 ലെ എല്‍ ടി ടി ഇ പിറവി വരെയെ സംയമനം പാലിച്ചുള്ളു.(2 വര്‍ഷം മുമ്പ് തമിള്‍ ന്യൂ ടൈഗര്‍ എന്ന സംഘടന L T T E എന്നു പേരു മാറ്റുകയായിരുന്നു ) ശ്രീലങ്ക സര്‍കാരിന്റെ തമിഴ് വിരുദ്ധ നിലപാട് സായുധമായി നേരിടാനിറങ്ങിയ വേലുപ്പിള്ള പ്രഭാകരന്റെ ദൃഡനിശ്ചയം ലോകം കണ്ട മികവുറ്റ ഒരു വിപ്ലവ പ്രസ്ത്ഥാനത്തിന്‍ ജന്മം നല്‍കി. പിന്നീട് വിപ്ലവപ്രസ്താനം ഒരു തീവ്രവാദപരമായ നിലപാട് കൈകൊണ്ടെങ്കിലും ശേഷമുള്ള രക്തചൊരിച്ചില്‍ ഒഴിവാക്കുന്നതിനു 1985 ല്‍ ഇന്ത്യ മധ്യസ്തനായി, പക്ഷെ ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴരെ പൌരന്മാരായി അംഗീകരിക്കാനൊ തമിഴര്‍ക്ക് സ്വയംഭരണാധികാരം നല്‍കാനൊ ശ്രീലങ്ക കൂട്ടാക്കിയില്ല. അതിനാല്‍ പകുതിയില്‍ തന്നെ സന്ധി സംഭാഷണം നിര്‍ത്തിവെക്കപ്പെട്ടു.
ശേഷകാലം ഒരു ലക്ഷത്തോളം മനുഷ്യര്‍ മരിച്ചു വീണതില്‍ നാമമാത്രമായ സംഖ്യയെ സിംഹളര്‍ ഉണ്ടായിരുന്നുള്ളു.പക്ഷെ ചാവേര്‍ ആക്രമണത്തില്‍ മരിക്കുന്ന സിംഹള നേതാക്കളുടെ ചരിത്രങ്ങള്‍ ലോകത്തിനു മുന്നില്‍ L T T E യെ കൂടുതല്‍ ക്രൂരമായി ചിത്രീകരിക്കാന്‍ ശ്രീലങ്കന്‍ സര്‍കാര്‍ ഉപയോഗിച്ചു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു ശേഷമാണ് ഭാരതം പോലും L T T E യെ ഭീകര ലിസ്റ്റില്‍ പെടുത്തിയത്, 1992ല്‍ ആയിരുന്നു ഇത്. ലോകത്ത് മിക്ക രാജ്യങ്ങളും L T T E യെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത് 2000 നു ശേഷമായിരുന്നു എന്നതും നാം ഇതോട് കൂട്ടിവായിക്കണം.
സ്വന്തം നിയന്ത്രണത്തിലുള്ള പ്രവിശ്യകളില്‍ എങ്ങനെ ഭരിക്കണം എന്നു തീരുമാനിക്കുന്ന L T T E ക്ക് കര,വ്യോമ,നാവിക സേനകള്‍ ഉള്ള ലോകത്തെ ഏക തീവ്രവാദി(?) സംഘടന എന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ ചാര സംഘടനയും കരിമ്പുലികളുമൊക്കെ ചേരുമ്പോള്‍ സംഗതി പൂര്‍ണം.
2005 ലെതിരഞ്ഞെടുപ്പിനു ശേഷം തീവ്ര സിംഹളനായ മഹീന്ദ്ര രാജപക്ഷെ അധികാരത്തില്‍ വരുകയും തമിഴര്‍ക്കെതിരെ അതികിരാതമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. തമിഴ് മക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ സിംഹളനായാലും തമിഴനായാലും ക്രൂരമായി വകവരുത്തി.സണ്ഡേ മിറര്‍ പത്രത്തിന്റെ എഡിറ്റര്‍ ലസാന്തെ വിക്രമതുംഗെ സിംഹളനായിട്ടും സത്യം വിളിച്ചു പറയാന്‍ ശ്ശ്രമിച്ചതിന്റെ പേരില്‍ വധിക്കപ്പെട്ടു. അനേകം പത്ര പ്രവര്‍ത്തകര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു, പത്രമോഫീസുകള്‍ ആക്രമിക്കപ്പെട്ടു. തമിഴ് ഗ്രാമമായ വെങ്കലയില്‍ നടന്ന അരുംകൊലകളും ബലാത്സംഗങ്ങളും തുടര്‍കഥയായി. ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണോ വേണ്ടത് നമ്മള്‍.
പതിനായിരക്കണക്കിനു കുട്ടികള്‍ അനാഥമാവുമ്പോഴും സ്ത്രീകള്‍ വൈധവ്യം പേറുമ്പോഴും ലക്ഷങ്ങള്‍ പാലായനം ചെയ്യുമ്പോഴും ശ്രീലങ്ക അവകാശപ്പെടുന്നത് തങ്ങള്‍ തമിഴരെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ്.!!

വായനാശീലം നശിക്കുന്നുവോ ?


വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചു വളര്‍ന്നാല്‍ വിളയും. വായിക്കാതെ വളര്‍ന്നാല്‍ വളയും (കുഞ്ഞുണ്ണി മാഷ്)
ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ സചീവമായിരുന്ന വായനശാലകള്‍ ഇന്ന് ഒരുമിച്ചിരുന്ന് ക്രിക്കറ്റും പന്ത്കളിയും കാണാന്‍‌വേണ്ടി മാത്രമായി ചുരുങ്ങി. നഷ്ടപ്പെടുന്ന വായനാസംസ്കാരം മനുഷ്യന്റെ അറിവിന്റെ ലോകത്തേക്കുള്ള വാതായനങ്ങള്‍ കൊട്ടിയടക്കുകയാണ് ചെയ്യുന്നത്. വായനകൊണ്ട് അറിവുനേടിയിരുന്നവര്‍ അറിവുകേടുകൊണ്ട് വിസ്മരിക്കുന്ന വായനശാലകള്‍ ഗതകാല സ്മൃതികള്‍ അയവിറക്കി ചിതലരിച്ച പുസ്തകങ്ങളും ചിലന്തിവലകള്‍ നിറഞ്ഞ ഷെല്‍ഫുകളുമായി നമ്മളെ കൊഞ്ഞനം കുത്തുന്നു.
ഇന്റര്‍നെറ്റിന്റെ കടന്നുവരവോടെ ബ്ലോഗുകളും മറ്റും വായനയെ ഒരല്പം ഡിജിറ്റല്‍ വല്‍കരിച്ചെങ്കിലും വായന എന്നതിലുപരി ഓണ്‍ലൈന്‍ ഗൈമുകളും ചാറ്റിംഗുമൊക്കെയാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിലാണ് നഷ്ടപ്പെടുന്ന വായനാസംസ്കാരത്തെ കുറിച്ച് ഒരു ചര്‍ച്ച പ്രസക്തമാവുന്നത്.

ഇന്ത്യ എന്ന എന്റെ മഹാരാജ്യം


സിന്ധുനദീതട സംസ്കാരം മുതല്‍ ആരംഭിക്കുന്ന ഇന്ത്യാ ചരിത്രം ക്രി മു 3300 മുതല്‍ 1300 വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായതാണ്.ക്രി മു.2600 മുതല്‍ 1900 വരെയായിരുന്നു ഇതിന്റെ സുവര്‍ണകാലം.ഇതു പിന്നെ ക്രിസ്തുവി‌നു മുമ്പ് രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമവശേഷമായി,ശേഷം അകിമെനീസ് പേര്‍ഷ്യന്‍ സാമ്രാജ്യം മുതല്‍ മഹാനായ അലക്സാണ്ടറിന്റേതുള്‍പ്പേടേ പല സാംമ്രാജ്യങ്ങളും ഈ പ്രദേശങ്ങള്‍ ഭരിക്കുകയും ഇവിടം പുഷ്ടിപ്പെടുത്തുകയും ചെയ്തു.ശേഷം മൌര്യ ഗുപ്ത സാമ്രാജ്യങ്ങള്‍ക്ക് കീഴിലും ചാലുക്യര്‍, ചോളര്‍, പല്ലവര്‍, പാണ്ഡ്യര്‍ എന്നിവര്‍ക്ക് കീഴിലും അതിന്റെ സുവര്‍ണ്ണകാലം ആസ്വദിച്ചു.
ക്രിസ്ത്വര്‍ഷം 712ല്‍ ഇസ്ലാം മതം ഇന്ത്യയില്‍ പ്രവേശിച്ചു.അറബി സേനാനായകന്‍ മുഹമ്മദ് ബിന്‍ കാസിം തെക്കന്‍ പഞ്ചാബിലെ സിന്ധ്, മുള്‍ത്താന്‍ എന്നീ പ്രദേശങ്ങള്‍ കീഴടക്കി, അതിനു ശേഷ്മാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുസ്ലിം സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തപ്പെട്ടത്. ഘാസ്നവീദ്, ഘോറിദ്,ദില്ലി സുല്‍ത്താനത്ത്,മുഗള്‍ എന്നിവ ഇങ്ങനെ രൂപിതമായി.
പതിനെട്ടാം നൂറ്റാണ്ടിലും മധ്യത്തിലും പത്തൊന്‍പതാം നൂറ്റാണ്ടിലും ഇന്ത്യയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ക്രമേണ പിടിച്ചടക്കുകയുണ്ടായി. കമ്പനി ഭരണത്തിലേ അസംതൃപ്തി ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിച്ചു. ഇതിനു ശേഷമാണ് ഇന്ത്യ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിനു കീഴിലായത്. ഇത് ഇന്ത്യയുടെ അടിസ്ഥാനസൌകര്യങ്ങളുടെ വളര്‍ച്ചക്ക് കാരണമായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രാജ്യവ്യാപകമായി സ്വാതന്ത്ര്യ സമരം ആരംഭിക്കുകയുണ്ടായി. ഇതില്‍ പിന്നീട് മുസ്ലിംലീഗും അണിചേര്‍ന്നു, 1947 ല്‍ ഇന്ത്യാ ഉപഭൂഖണ്ഡം ഇന്ത്യ, പാക്കിസ്താന്‍ എന്നീ രാജ്യങ്ങളായി വിപജിക്കപ്പെട്ടു. ഇതിനു പിന്നാലെ ബ്രിട്ടണില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. 1971ല്‍ പാകിസ്താന്റെ കിഴക്കന്‍ ഭാഗം ബംഗ്ലാദേശ് എന്ന പേരില്‍ സ്വാതന്ത്ര്യം പ്രാപിച്ചു രാജ്യമായി.

സ്ത്രീ സ്വാതന്ത്ര്യം


സ്ത്രീപുരുഷ സമത്വം പറഞ്ഞ് പഴയ ഗജുരാവോ ശില്പങ്ങളേപോലും നാണിപ്പിക്കുന്ന വസ്ത്രധാരണവും, പിന്നെ ലൈഗീകതൊഴിലാളികല്‍ക്ക് വേണ്ടി മുദ്രാവാക്യംവിളിക്കലും മാത്രമാവുമ്പോഴാണ് സ്ത്രീ സംഘടനകള്‍ സംശയിക്കപ്പെടുന്നത്.ബലാത്സംഗം ചെയ്യപ്പെട്ടവള്‍ക്ക് ഇടക്കാലാശ്വാസവും പാരിതോഷികവും നല്‍കുന്ന വനിതാകമ്മീഷന്‍ പിന്നെ രാഷ്ട്രീയവും പണവും കടന്നുവരുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടവരുടെ കൂടെ കാണാറില്ല.പുരുഷമേധാവിത്വത്തിന്റെ കരളലിയിക്കുന്ന കഥകള്‍ പറയുന്ന സ്ത്രീ സംഘടനകള്‍ സ്വയം നന്നാവുന്നതിനേകുറിച്ച് ഒരിക്കലും ചിന്തിക്കാറില്ല എന്നിടത്താണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ നിലനില്പ് ചോദ്യം ചെയ്യപ്പെടുന്നത്.

പലിശയുടെ കരാള ഹസ്തങ്ങള്‍


പലിശയുടെ കരാള ഹസ്തങ്ങള്‍ സമൂഹത്തെ ഗ്രസിക്കുമ്പോള്‍ നശ്ടപ്പെടുന്നത് ജീവിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്,പാവപ്പെട്ടവെന്റെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുന്ന പണക്കാരന്‍ കാണാതെപോകുന്നത് ജീവിക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തേയും. സ്വപ്നങ്ങള്‍ നെയ്തുകൂട്ടുമ്പോള്‍ അതിനൊരു താങ്ങെന്നും തണലെന്നും പറഞ്ഞ് സമൂഹത്തിന്നിടയില്‍ മാന്യമായ സ്താനം നേടാന്‍ ശ്രമിക്കുന്നവരെ നമ്മുക്കിടയില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സാമ്പത്തീകമാന്ദ്യം ലോകത്തെ പിടിച്ചു കുലുക്കുമ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത് പലിശരഹിത ബാങ്കുകളുടെ വിജയത്തെകുറിച്ചാണ്.കോടികള്‍ ലാഭം കൊയ്യുന്ന സൌദി പോലുള്ള മുസ്ലിം രാഷ്ട്രങ്ങളിലെ ഇസ്ലാമിക ബാങ്കിംഗ് എന്തുകൊണ്ടും ചര്‍ച്ചചെയ്യപ്പെടേണ്ടതും ചര്‍ച്ചചെയ്യപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്.
വട്ടിക്കാര്‍ക്ക് ഒത്താശചെയ്യുന്ന പോലീസും സ്വന്തമായി കൊണ്ട് നടക്കുന്ന ഗുണ്ടാപടയും സമൂഹത്തില്‍ ഭയം വിതറുന്നു എന്നതു നമ്മളാരും എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല. 100 നു 10ഉം 1000 ത്തിനു 100ഉം പലിശ വാങ്ങുന്നവനു ആവശ്യം മുതലല്ല, അതില്‍നിന്നു കിട്ടുന്ന പലിശമാത്രമാണെന്നു ആര്‍ക്കണ് തിരിച്ചറിയാന്‍ കഴിയാത്തത്.